2023 ഏപ്രിൽ 4, ചൊവ്വാഴ്ച

ബിജു കാഞ്ഞങ്ങാട് : കാലത്തിന് മായ്ക്കാനാവാത്ത പ്രതിഭ

ജീവിതത്തിലെ ഏറ്റവും വലിയ ദൗർഭാഗ്യമാണ് ഒരു സുഹൃത്തിന്റെ അകാലത്തിലുള്ള വേർപാട്. മരണശേഷം ആ സുഹൃത്തിനെ അനുസ്മരിച്ച് എഴുതുമ്പോഴും ഇതേ ദൗർഭാഗ്യം കടുത്ത വിഷാദം ഉണ്ടാക്കുന്നു.

ഒരാൾ മറ്റുള്ളവരുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന നടുക്കുന്ന യാഥാർത്ഥ്യത്തെ ആവും മരണമെന്നു വിളിക്കുന്നത്. ഒരാളുടെ മരണം വാസ്തവത്തിൽ ആ വ്യക്തിയുടെ ഒറ്റപ്പെട്ട മരണമല്ല. ആ വ്യക്തി സ്വാധീനം ചെലുത്തിയ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ അപൂർണ്ണതയും അവ്യക്തതകളും ഉണ്ടാക്കിക്കൊണ്ട് നിരവധി മരണങ്ങളായി അത് മാറുന്നു. പ്രതിഭാശാലിയായ ഒരാളുടെ വിയോഗം അയാൾ നിറഞ്ഞുനിന്ന ഇടങ്ങളിൽ അയാളുടെ അസാന്നിധ്യത്തിലൂടെ അയാളുടെ ജീവനെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും. മരണത്തോടെ മാഞ്ഞു പോവുകയല്ല മറിച്ച് മറ്റൊരു ജീവിതത്തിലേക്ക് അയാൾ രൂപാന്തരപ്പെടുകയും ഓർമ്മകളിലൂടെ കൂടുതൽ ദൃശ്യനാവുകയും ചെയ്യുന്നു.

ചിത്രകാരനും കവിയുമായ പ്രിയ സുഹൃത്ത് ബിജു കാഞ്ഞങ്ങാടിന് ഓർക്കുമ്പോൾ സ്വയം ആശ്വസിക്കാനായി ഇത്തരം ചിന്തകളും കൂടെ ചേർക്കുകയാണ്. പ്രതിഭാശാലികൾക്ക് അവർ ജീവിച്ചിരുന്ന കാലത്ത് അവർ അർഹിച്ചിരുന്ന അംഗീകാരവും ശ്രദ്ധയും നൽകാൻ മാത്രം ഔന്നത്യവും വിശാലതയും അതത് സമൂഹത്തിന് ഉണ്ടാവാറില്ല. ബിജു കാഞ്ഞങ്ങാടിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. തന്റെ കഴിവുകളിൽ അത്യസാധാരണമായ ആത്മവിശ്വാസം ഉണ്ടായിരുന്നതുകൊണ്ട് ബിജു പ്രശസ്തി ഉത്പാദിപ്പിക്കുന്നതിന് അല്പം പോലും ശ്രമിക്കാതെ സൃഷ്ടിയിൽ മാത്രം ശ്രദ്ധയൂന്നുകയാണ് ചെയ്തത്. ബിജുവിന്റെ കവിതകളുടെയും ചിത്രങ്ങളുടെയും പൂർണ്ണതയ്ക്ക് ഇതാവാം കാരണം.

  കാലത്തിനു മുന്നേ നടന്ന കലാകാരനാണ് ബിജു കാഞ്ഞങ്ങാട്. വൈകാരികമായും ഭൗതികമായും അസാമാന്യമായ സത്യസന്ധത തൻറെ കലാ ജീവിതത്തിലും വ്യക്തിജീവിതത്തിലും ബിജു കാത്തുസൂക്ഷിച്ചു. എഴുത്തുകാരുടെയും കലാകാരന്റെയും വലിയ ഉത്തരവാദിത്തത്തോടെ ബിജു തൻറെ സൃഷ്ടികൾ നടത്തി.

ജിജ്ഞാസയുള്ള ഒരു കുട്ടിയെ ബിജുവിന്റെ ഓരോ ചലനങ്ങളിലും വാക്കുകളിലും കാണാനാവുന്നതാണ്. കുട്ടികൾ വരയ്ക്കുന്നതിനെക്കുറിച്ച് ബിജു പലപ്പോഴും വാചാലനാകുമായിരുന്നു. സ്വതന്ത്രമായ മനസ്സിനെ ആവിഷ്കരിക്കുന്നതിലുള്ള ആവേശം ബിജുവിന്റെ കലാസൃഷ്ടികളിലും കാണാനാവുന്നതാണ്. 

കാമുകന്റെ ഭാവമാണ് ബിജുവിൽ പ്രകടമായ മറ്റൊരു സവിശേഷത. തനിക്ക് ചുറ്റുമുള്ള പ്രകൃതി സൗന്ദര്യത്തിൽ ലയിക്കാനുള്ള പ്രേരണ ബിജുവിന്റെ രചനകളിൽ കാണാനാവുന്നതാണ്. തൻറെ മുൻഗാമിയായ മഹാകവി പി കുഞ്ഞിരാമൻ നായരെ ബിജു ഈ അർത്ഥത്തിൽ പിന്തുടരുന്നുണ്ട്.

നീലേശ്വരം പ്രതിഭ കോളേജിൽ വെച്ചാണ് ബിജുവിനെ പരിചയപ്പെടുന്നത്. എനിക്ക് ഒരു വർഷം മുന്നേ ആയതിനാൽ വ്യക്തിപരമായ അടുപ്പം അക്കാലത്ത് ഉണ്ടായിരുന്നില്ല. ജില്ലയിൽ സർക്കാർ കോളേജുകളിൽ മലയാളം ബിരുദപഠന സൗകര്യമില്ലാത്തതിനാൽ മലയാളഭാഷയിലും സാഹിത്യത്തിലും താല്പര്യമുള്ളവരുടെ ഏക ആശ്രയമായിരുന്നു അക്കാലത്ത് നീലേശ്വരത്തെ പ്രതിഭാ കോളേജ്. പ്രതിഭാ കോളേജിലെ അധ്യാപകർ പ്രതിഭാ സമ്പന്നരും ആയിരുന്നു. മലയാളം വിഭാഗത്തിലെ പ്രധാന ആകർഷണമായിരുന്നു കവിയായ മാധവൻ പുറച്ചേരി മാഷ്. ബിജുവിലെ കലാകാരന് വളരാന്‍ പ്രതിഭാ കോളേജിലെ ഈ പ്രതിഭാസാന്നിധ്യം വളരെയേറെ സഹായിച്ചിട്ടുണ്ടാവണം. മാധവൻ മാഷുടെ പരിചയത്തിൽ ഒട്ടേറെ സാഹിത്യകാരന്മാർ കോളേജിൽ അതിഥികളായി എത്തി. റെഗുലർ കോളേജിനൊപ്പം നിൽക്കും വിധം സാംസ്കാരിക പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു കോളേജ്. കോളേജ് മാസികകളിലും പത്രികകളിലും ബിജു നിറഞ്ഞുനിന്നു. ബിജുവിന് സീനിയർ ആയി കോളേജിൽ പഠിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ സാന്നിധ്യവും ഈ അവസരത്തിൽ ഓർക്കുന്നു. സാഹിത്യത്തിൽ താല്പര്യമുള്ളവരുടെ നല്ലൊരു കളരിയായിരുന്നു അക്കാലത്ത് പ്രതിഭ കോളേജ്.

കാസർകോട് ബിഎഡ് സെൻററിൽ ഒരേസമയത്ത് പഠിക്കാൻ അവസരം ലഭിച്ചപ്പോൾ ബിജുവിനെ കൂടുതൽ അറിയാൻ സാധിച്ചു. ബിജുവിന്റെ ‘ ജൂൺ’ എന്ന കവിത അക്കാലത്താണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്നത്. തീവണ്ടിയിലെ ഉല്ലാസയാത്രയായിരുന്നു അന്ന് കാസർകോട്ടേക്കുള്ള യാത്ര. സാഹിത്യം ,സിനിമ ,സംഗീതം, ചിത്രകല, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലെ ചർച്ചകൾ കൊണ്ട് തീവണ്ടി മുറിയും റെയിൽവേ പ്ലാറ്റ്ഫോമും നിറഞ്ഞു. കാസർകോട്ട് തീവണ്ടി ഇറങ്ങിയാൽ നെല്ലിക്കുന്നിലേക്കുള്ള നടത്തവും ഉത്സവപ്രതീതി ഉണ്ടാക്കിയിരുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കോളേജ് മാഗസിൻ എഡിറ്റർ ആവാൻ ബിജുവിനോട് മത്സരിച്ച സന്ദർഭം ഇപ്പോൾ ഓർക്കുന്നു. വിജയം ബിജുവിന് തന്നെയായിരുന്നു. ബിജുവുമായുള്ള സൗഹൃദം വലുതായി എന്നതാണ് യഥാർത്ഥത്തിൽ ആ മത്സരത്തിന്റെ ഫലം. ‘ജലം’ എന്ന പേരിൽ ബിജു എഡിറ്ററായ മാഗസിനിൽ എൻറെ ഒരു കഥയും ഉൾപ്പെട്ടിട്ടുണ്ട്.

ബി എഡ് പഠനത്തെ തുടർന്ന് കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ സ്കൂളിൽ ബിജു കുറെ വർഷങ്ങൾ ജോലി ചെയ്തു. 2002ലാണ് എന്ന് തോന്നുന്നു സർക്കാർ സ്കൂളിൽ ബിജുവിന് സ്ഥിരനിയമനം ലഭിക്കുന്നത്. 

ഞാന്‍ യുവകലാസാഹിതിയുടെ സംഘാടകനായപ്പോള്‍ അതിന്റെ പരിപാടികളില്‍ നിരന്തരം ബിജുവിനെ പങ്കെടുപ്പിച്ചിട്ടുണ്ട്. ബിജുവിന്റെ കവിതകൾക്ക് അവാർഡ് ലഭിച്ചപ്പോൾ യുവകലാസാഹിതി ബിജുവിനെ അനുമോദിച്ചിരുന്നു. കാഞ്ഞങ്ങാട് യുവകലാസാഹിതി സംസ്ഥാന ചിത്രകല ക്യാമ്പിലെ ബിജുവിന്റെ സാന്നിധ്യം സവിശേഷമായിരുന്നു. 

ഇതിനിടയിൽ ബിജുവിന്റെ കവിതാ സമാഹാരങ്ങൾ ഓരോന്നായി പുറത്തിറങ്ങി. ‘ഉള്ളനക്കങ്ങൾ’ എന്ന പ്രണയകവിതകളുടെ സമാഹാരത്തെക്കുറിച്ച് ജനയുഗം വാരാന്തത്തിലെ പുസ്തക പരിചയം കോളത്തില്‍ ഒരു കുറിപ്പ് എഴുതാൻ എനിക്ക് അവസരം ലഭിച്ചു. 

കോവിഡ് കാലത്ത് ബിജുവുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ ഇപ്പോൾ ഓർക്കുന്നു. അതിനിടയിലാണ് കുട്ടികളുടെ ചിത്രത്തെക്കുറിച്ച് ബിജു ആകാശവാണിയിൽ ഒരു പ്രഭാഷണം നടത്തിയത്. യുവകലാസാഹിതി ഓൺലൈനിലൂടെ നിരന്തരം പരിപാടികൾ സംഘടിപ്പിക്കുന്ന സന്ദർഭം ആയിരുന്നു അത്. ബിജുവിന്റെ സമ്മതത്തോടെ ആകാശവാണിയിൽ വന്ന പ്രഭാഷണം വീഡിയോ ആക്കി യുവകലാസാഹിതി ഓൺലൈനിലൂടെ കൂടുതൽ ആൾക്കാരിലേക്ക് എത്തിച്ചു. ഇത് ബിജുവിനെ സന്തോഷിപ്പിക്കുകയുണ്ടായി.

കുണ്ടംകുഴി ഗവൺമെൻറ് ഹൈസ്കൂളിലാണ് ബിജുവിന് അധ്യാപകനായി സ്ഥിരനിയമനം ലഭിച്ചത്. കുണ്ടം കുഴിയിൽ നിന്നും സ്ഥലംമാറ്റം കിട്ടി ദീർഘകാലം പെരിയ ഗവൺമെൻറ് ഹൈസ്കൂളിൽ ജോലി ചെയ്തു. കഴിഞ്ഞവർഷമാണ് രാംനഗറിലേക്ക് സ്ഥലം മാറിയത്.

ബി എഡ് പഠനകാലത്താണ് ബിജുവിന്റെ കിഴക്കുംകരയിലുള്ള വീട്ടിലേക്ക് എനിക്ക് പോകാൻ അവസരം ഉണ്ടായത്. സാമ്പത്തികമായി ഭദ്രതയുള്ള ചുറ്റുപാടായിരുന്നില്ല അന്ന് ബിജുവിന് ഉണ്ടായിരുന്നത്. പരിമിതമായ അന്നത്തെ ചുറ്റുപാടിലും വിപുലമായ ഒരു പുസ്തക ശേഖരം ബിജുവിന് ഉണ്ടായിരുന്നു. ഒരു കുട്ടിയുടെ കൗതുകത്തോടെ ബിജു പുസ്തകങ്ങൾ ശേഖരിക്കുകയും അത് വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. ചിത്രങ്ങളെ കുറിച്ചും ചിത്രകാരന്മാരെ കുറിച്ചും വലിയ വിലയുള്ള പുസ്തകങ്ങൾ ശേഖരിക്കുന്നതിലും ബിജു താൽപര്യപ്പെട്ടു. വളരെ വ്യത്യസ്തങ്ങളായ സംഗീത ആൽബങ്ങളുടെ ശേഖരവും ബിജുവിന് ഉണ്ടായിരുന്നു. എല്ലാ തലമുറയിലും പെട്ട സാഹിത്യകാരന്മാരും ആയി ബിജു സൗഹൃദം സൂക്ഷിച്ചു. ഒരു കുട്ടി ബിജുവിന്റെ മനസ്സിൽ എന്നും ഓടിക്കളിച്ചിരുന്നു എന്നതിനാലാണ് ഇക്കാര്യങ്ങൾ സാധ്യമായിരുന്നത്.

ഒരു റോഡ് അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ദീർഘകാല ചികിത്സയ്ക്ക് ബിജു വിധേയനായിട്ടുണ്ടായിരുന്നു. ഈ ചികിത്സയുടെ പാർശ്വഫലമായി ബിജു പ്രമേഹ രോഗിയായി. ബിജുവിന്റെ ഹൃദയ രോഗത്തിനും ഇതുതന്നെയാവാം കാരണം. 

മരിക്കുന്നതിനു തൊട്ടുതലേ ദിവസമായ തിങ്കളാഴ്ച ഞാനൊരു കവിത എഴുതിയത് ആവേശത്തോടെ whatsappൽ അയച്ചുകൊടുത്തു. മറുപടിയായി ഒരു ലൈക്കും തുടർന്ന് ഒരു ശബ്ദസന്ദേശവും ബിജു അയച്ചു. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്നും അടുത്തദിവസം ഡിസ്ചാർജ് ആവുമെന്നും ബിജു പറഞ്ഞു. ആ ശബ്ദം പ്രത്യാശാനിർഭരം ആയിരുന്നു. ജീവിതത്തിൻറെ ആസ്പത്രിയിൽ നിന്നും ബിജു ഡിസ്ചാർജ് ആയ വാർത്തയാണ് ഹൃദയം നടുക്കിക്കൊണ്ട് അടുത്ത ദിവസം അറിഞ്ഞത്. ആ വാർത്തയുടെ നടുക്കവും വേദനയും ഇപ്പോഴും മാറിയിട്ടില്ല. എങ്കിലും ജീവനോടെ നീ ഉണ്ടായിരുന്നപ്പോൾ എനിക്ക് അനുവദിച്ച നിമിഷങ്ങളുടെ ധന്യത കൊണ്ട് നിൻറെ വിയോഗം ഉണ്ടാക്കിയ തീരാസങ്കടത്തെ മായ്ക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നീ തന്ന സ്നേഹം വീട്ടാനാവാത്ത കടമായി എന്റെ ഹൃദയത്തിൽ കനം വെക്കുന്നു. 

      







2016 ജൂൺ 22, ബുധനാഴ്‌ച

രാജീവൻ കാഞ്ഞങ്ങാട് അനുസ്മരണം

യുവകലാസാഹിതിയും
കാഞ്ഞങ്ങാട് എം.എൻ.സ്മാരക ഗ്രന്ഥാലയവും
സംയുക്തമായി
രാജീവൻ കാഞ്ഞങ്ങാട് അനുസ്മരണ സമ്മേളനം നടത്തുന്നു.
2016 ജൂൺ 30
വ്യാഴം വൈകു: 3.30
മഹാകവി പി.സ്മാരകമന്ദിരം
കാഞ്ഞങ്ങാട്
ഉദ്: വി.കെ.സുരേഷ് ബാബു
അനുസ്മരണ പ്രഭാഷണം: ഡോ.എ.എം.ശ്രീധരൻ

2012 ജൂൺ 6, ബുധനാഴ്‌ച

സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് യുവകലാസാഹിതി സംസ്ഥാനചിത്രകലാക്യാമ്പ്

ക്യാമ്പ് പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്യുന്നു

ക്യാമ്പംഗങ്ങള്‍

എബി എന്‍ ജോസഫും പി.കെ.ഗോപിയും

സദു അലിയൂരിന്റെ ജലച്ചായം

കാഞ്ഞങ്ങാട്:ചരിത്രമുറങ്ങുന്ന ഹൊസ്ദുര്‍ഗ് കോട്ടയ്ക്ക് സമീപം കാഞ്ഞങ്ങാടിന്റെ ഹൃദയഭാഗത്ത് സ്വാതന്ത്രസമരസേനാനിയായ എ.സി.കണ്ണന്‍ നായരുടെ പേരില്‍ നഗരസഭ സ്ഥാപിച്ച പാര്‍ക്കില്‍ മെയ് 18,19 ദിവസങ്ങളിലായിരുന്നു ക്യാമ്പ് നടന്നത്. നിത്യാനന്ദ സ്വാമി സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ നിത്യാനന്ദാശ്രമത്തിലാണ് ക്യമ്പംഗങ്ങള്‍ക്ക് താമസമൊരുക്കിയത്.
ചിത്രകലയിലെ നൂതനപ്രവണതകളും സങ്കേതങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് യുവകലാസാഹിതി സംസ്ഥാനകമ്മറ്റിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.സെല്‍വന്‍മേലൂരയിരുന്നു ക്യാമ്പ് ഡയറക്ടര്‍.45 യുവ-ബാലചിത്രകാരന്മാര്‍ മുഴുവന്‍ സമയം ക്യാമ്പില്‍ പങ്കെടുത്തു.
പ്രശസ്തചിത്രകാരന്‍ പി.എസ്.പുണിഞ്ചിത്തായ ചിത്രം വരച്ചു കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ബേക്കല്‍ കോട്ടയിലെ മഴയനുഭവം അതിസൂക്ഷ്മമായി ക്യാന്‍വാസിലേക്ക് പകര്‍ത്തിയത് കാഴ്ചക്കാര്‍ക്ക് മറക്കാനാവാത്ത അനുഭവമായി.കൃഷിയും കലയും അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ബഹുവര്‍ണ്ണങ്ങളില്‍ നിന്ന് മനോഹരമായ ചിത്രങ്ങള്‍ രൂപപ്പെടുന്നതു പോലെ ബഹുസ്വരതയാണ് സമൂഹത്തിന്റെ മനോഹാരിതയെന്ന് പ്രശസ്തകവി പി.കെ.ഗോപി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.സംഘാടകസമിതി ചെയര്‍മാന്‍ എം.നാരായണന്‍(മുന്‍എം.എല്‍എ )അധ്യക്ഷത വഹിച്ചു.രാധാകൃഷ്ണന്‍ പെരുമ്പള സംസാരിച്ചു.ജയന്‍ നീലേശ്വരം സ്വാഗതവും എ.വി.ശശിധരന്‍ നന്ദിയും പറഞ്ഞു.
ജലച്ചായത്തിന്റെ സുതാര്യത എന്ന വിഷയത്തില്‍പുണിത്തായയുടെതായിരുന്നു ആദ്യത്തെ ക്ലാസ്.ജലച്ചായത്തിന്റെ നൂതനസങ്കേതങ്ങള്‍ വിശദമായി പ്രതിപാദിക്കപ്പെട്ടു.പ്രകൃതിയുടെ സൂക്ഷ്മഭാവങ്ങള്‍ എങ്ങനെയാണ് കാന്‍വാസിലേക്ക് സന്നിവേശിപ്പിക്കുന്നതെന്ന് സ്വന്തം വരകളിലൂടെ അദ്ദേഹം കാണികള്‍ക്ക് കാട്ടിക്കൊടുത്തു.അപൂര്‍വ്വമായ അനുഭവമായിരുന്നു യുവചിത്രകാരന്മാര്‍ക്ക് പുണിഞ്ചിത്തായയുടെ ക്ലാസ്.
തുടര്‍ന്ന് രേഖാചിത്രരചനയെക്കുറിച്ച് കവിയും കാര്‍ട്ടൂണിസ്റ്റും രേഖാചിത്രകാരനുമായ പോള്‍കല്ലാനോട് ക്ലാസെടുത്തു.മനോഹരമായ പാര്‍ക്കിലെ സായാഹ്നം ക്യാമ്പംഗങ്ങളുടെ രേഖാചിത്രരചന കൊണ്ട് ധന്യമായി.
ചിത്രകാരന്മാരുടെ കൂട്ടായ്മയായിരുന്നു ക്യാമ്പിന്റെ മുഖ്യആകര്‍ഷണം.എബി എന്‍.ജോസഫ് ഉദ്ഘാടനം ചെയ്തു.കൂട്ടായ്മയില്‍ ലളിതകലാ അക്കാദമി മുന്‍അംഗം ടി.രാഘവന്‍,മാതൃഭൂമിയിലെ കാര്‍ട്ടൂണിസ്റ്റായിരുന്ന കെ..ഗഫൂര്‍,ചിത്രകലാധ്യാപന രംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ശ്യാമശശി,സി.കുഞ്ഞമ്പു നായര്‍ എന്നിവരെ ആദരിച്ചു.
കൂട്ടായ്മയില്‍ബാബു മേക്കാടന്‍ചിത്രന്‍ കുഞ്ഞിമംഗലം,ഭഗത് സിംഗ്,ബിജു കാഞ്ഞങ്ങാട് എന്നിവര്‍ പങ്കെടുത്തു.
രാത്രി ഏറെ വൈകും വരെ എബി എന്‍ ജോസഫ് ചിത്രകലയിലെ തന്റെ അനുഭവങ്ങളും കാഴ്ചപ്പാടും ക്യാമ്പംഗളുമായി പങ്കു വെച്ചു.എബി എന്‍ജോസഫിന്റെ സാന്നിധ്യം ക്യാമ്പിന് ധന്യമായ അനുഭവമായിരുന്നു.
ക്യാമ്പിന്റെ രണ്ടാംദിവസം ക്യാമ്പംഗങ്ങളുടെ ജലച്ചായരചനയോടെ ആരംഭിച്ചു.എല്ലാ ക്യാമ്പംഗങ്ങളും സജീവമായി തങ്ങളുടെ സര്‍ഗ്ഗവൈഭവം പുറത്തെടുത്തത് നിരീക്ഷകരായി എത്തിയവര്‍ക്ക് കൌതുകമായി. വര്‍ണ്ണവസന്തം വിരിയിച്ച യുവചിത്രകാരന്മാര്‍ ക്യാമ്പിന്റെ അഭിമാനമായി.
തുടര്‍ന്ന് അക്രലിക് രചനയുടെ സങ്കേതങ്ങളെക്കുറിച്ച് തലശ്ശേരിയിലെ കേരള സ്കൂള്‍ ഓഫ് ആര്‍ട്സ് പ്രിന്‍സിപ്പല്‍എ.വി.വേണുവേണുഗോപാലന്‍ ക്ലാസെടുത്തു.ജലച്ചായത്തിന് കേരള ലളിതകലാ അക്കാദമി അവാര്‍ഡ് നേടിയ സദു അലിയൂരിന്റെ സാന്നിധ്യം യുവകലാസാഹിതി ചിത്രകലാക്യാമ്പിനുള്ള അംഗീകാരം കൂടിയായിരുന്നു.ജലച്ചായത്തിലെ സങ്കേതങ്ങളെക്കുറിച്ച് സദു അലിയൂര്‍ ക്ലാസെടുത്തു.സമകാലികചിത്രകലയെക്കുറിച്ച് രാജേന്ദ്രന്‍ പുല്ലൂര്‍ ക്ലാസെടുത്തു.

സമാപനസമ്മളനം സി.പി.ഐ സംസ്ഥാന ട്രഷറര്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു.യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എം.സതീശന്‍ ‍ അധ്യക്ഷത വഹിച്ചു.യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷ മമ്മൂട്ടി ക്യാമ്പംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്,യുവകലാസാഹിതി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൊറ്റിയത്ത് സദാനന്ദന്‍,സംസ്ഥാന കമ്മറ്റിയംഗം സി.എം.കേശവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് വല്‍സന്‍ പിലിക്കോട് സ്വാഗതവും വൈസ് പ്രസിഡന്റ് രാജീവന്‍ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.
യുവകലാസാഹിതിയുടെ ജില്ലയിലെ പ്രവര്‍ത്തനപന്ഥാവിലെ നാഴികക്കല്ലായി ചിത്രകലാക്യാമ്പ്.പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പ്രദാനം ചെയ്തു ക്യാമ്പ്.