ജീവിതത്തിലെ ഏറ്റവും വലിയ ദൗർഭാഗ്യമാണ് ഒരു സുഹൃത്തിന്റെ അകാലത്തിലുള്ള വേർപാട്. മരണശേഷം ആ സുഹൃത്തിനെ അനുസ്മരിച്ച് എഴുതുമ്പോഴും ഇതേ ദൗർഭാഗ്യം കടുത്ത വിഷാദം ഉണ്ടാക്കുന്നു.
ഒരാൾ മറ്റുള്ളവരുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന നടുക്കുന്ന യാഥാർത്ഥ്യത്തെ ആവും മരണമെന്നു വിളിക്കുന്നത്. ഒരാളുടെ മരണം വാസ്തവത്തിൽ ആ വ്യക്തിയുടെ ഒറ്റപ്പെട്ട മരണമല്ല. ആ വ്യക്തി സ്വാധീനം ചെലുത്തിയ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ അപൂർണ്ണതയും അവ്യക്തതകളും ഉണ്ടാക്കിക്കൊണ്ട് നിരവധി മരണങ്ങളായി അത് മാറുന്നു. പ്രതിഭാശാലിയായ ഒരാളുടെ വിയോഗം അയാൾ നിറഞ്ഞുനിന്ന ഇടങ്ങളിൽ അയാളുടെ അസാന്നിധ്യത്തിലൂടെ അയാളുടെ ജീവനെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും. മരണത്തോടെ മാഞ്ഞു പോവുകയല്ല മറിച്ച് മറ്റൊരു ജീവിതത്തിലേക്ക് അയാൾ രൂപാന്തരപ്പെടുകയും ഓർമ്മകളിലൂടെ കൂടുതൽ ദൃശ്യനാവുകയും ചെയ്യുന്നു.
ചിത്രകാരനും കവിയുമായ പ്രിയ സുഹൃത്ത് ബിജു കാഞ്ഞങ്ങാടിന് ഓർക്കുമ്പോൾ സ്വയം ആശ്വസിക്കാനായി ഇത്തരം ചിന്തകളും കൂടെ ചേർക്കുകയാണ്. പ്രതിഭാശാലികൾക്ക് അവർ ജീവിച്ചിരുന്ന കാലത്ത് അവർ അർഹിച്ചിരുന്ന അംഗീകാരവും ശ്രദ്ധയും നൽകാൻ മാത്രം ഔന്നത്യവും വിശാലതയും അതത് സമൂഹത്തിന് ഉണ്ടാവാറില്ല. ബിജു കാഞ്ഞങ്ങാടിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. തന്റെ കഴിവുകളിൽ അത്യസാധാരണമായ ആത്മവിശ്വാസം ഉണ്ടായിരുന്നതുകൊണ്ട് ബിജു പ്രശസ്തി ഉത്പാദിപ്പിക്കുന്നതിന് അല്പം പോലും ശ്രമിക്കാതെ സൃഷ്ടിയിൽ മാത്രം ശ്രദ്ധയൂന്നുകയാണ് ചെയ്തത്. ബിജുവിന്റെ കവിതകളുടെയും ചിത്രങ്ങളുടെയും പൂർണ്ണതയ്ക്ക് ഇതാവാം കാരണം.
കാലത്തിനു മുന്നേ നടന്ന കലാകാരനാണ് ബിജു കാഞ്ഞങ്ങാട്. വൈകാരികമായും ഭൗതികമായും അസാമാന്യമായ സത്യസന്ധത തൻറെ കലാ ജീവിതത്തിലും വ്യക്തിജീവിതത്തിലും ബിജു കാത്തുസൂക്ഷിച്ചു. എഴുത്തുകാരുടെയും കലാകാരന്റെയും വലിയ ഉത്തരവാദിത്തത്തോടെ ബിജു തൻറെ സൃഷ്ടികൾ നടത്തി.
ജിജ്ഞാസയുള്ള ഒരു കുട്ടിയെ ബിജുവിന്റെ ഓരോ ചലനങ്ങളിലും വാക്കുകളിലും കാണാനാവുന്നതാണ്. കുട്ടികൾ വരയ്ക്കുന്നതിനെക്കുറിച്ച് ബിജു പലപ്പോഴും വാചാലനാകുമായിരുന്നു. സ്വതന്ത്രമായ മനസ്സിനെ ആവിഷ്കരിക്കുന്നതിലുള്ള ആവേശം ബിജുവിന്റെ കലാസൃഷ്ടികളിലും കാണാനാവുന്നതാണ്.
കാമുകന്റെ ഭാവമാണ് ബിജുവിൽ പ്രകടമായ മറ്റൊരു സവിശേഷത. തനിക്ക് ചുറ്റുമുള്ള പ്രകൃതി സൗന്ദര്യത്തിൽ ലയിക്കാനുള്ള പ്രേരണ ബിജുവിന്റെ രചനകളിൽ കാണാനാവുന്നതാണ്. തൻറെ മുൻഗാമിയായ മഹാകവി പി കുഞ്ഞിരാമൻ നായരെ ബിജു ഈ അർത്ഥത്തിൽ പിന്തുടരുന്നുണ്ട്.
നീലേശ്വരം പ്രതിഭ കോളേജിൽ വെച്ചാണ് ബിജുവിനെ പരിചയപ്പെടുന്നത്. എനിക്ക് ഒരു വർഷം മുന്നേ ആയതിനാൽ വ്യക്തിപരമായ അടുപ്പം അക്കാലത്ത് ഉണ്ടായിരുന്നില്ല. ജില്ലയിൽ സർക്കാർ കോളേജുകളിൽ മലയാളം ബിരുദപഠന സൗകര്യമില്ലാത്തതിനാൽ മലയാളഭാഷയിലും സാഹിത്യത്തിലും താല്പര്യമുള്ളവരുടെ ഏക ആശ്രയമായിരുന്നു അക്കാലത്ത് നീലേശ്വരത്തെ പ്രതിഭാ കോളേജ്. പ്രതിഭാ കോളേജിലെ അധ്യാപകർ പ്രതിഭാ സമ്പന്നരും ആയിരുന്നു. മലയാളം വിഭാഗത്തിലെ പ്രധാന ആകർഷണമായിരുന്നു കവിയായ മാധവൻ പുറച്ചേരി മാഷ്. ബിജുവിലെ കലാകാരന് വളരാന്‍ പ്രതിഭാ കോളേജിലെ ഈ പ്രതിഭാസാന്നിധ്യം വളരെയേറെ സഹായിച്ചിട്ടുണ്ടാവണം. മാധവൻ മാഷുടെ പരിചയത്തിൽ ഒട്ടേറെ സാഹിത്യകാരന്മാർ കോളേജിൽ അതിഥികളായി എത്തി. റെഗുലർ കോളേജിനൊപ്പം നിൽക്കും വിധം സാംസ്കാരിക പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു കോളേജ്. കോളേജ് മാസികകളിലും പത്രികകളിലും ബിജു നിറഞ്ഞുനിന്നു. ബിജുവിന് സീനിയർ ആയി കോളേജിൽ പഠിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ സാന്നിധ്യവും ഈ അവസരത്തിൽ ഓർക്കുന്നു. സാഹിത്യത്തിൽ താല്പര്യമുള്ളവരുടെ നല്ലൊരു കളരിയായിരുന്നു അക്കാലത്ത് പ്രതിഭ കോളേജ്.
കാസർകോട് ബിഎഡ് സെൻററിൽ ഒരേസമയത്ത് പഠിക്കാൻ അവസരം ലഭിച്ചപ്പോൾ ബിജുവിനെ കൂടുതൽ അറിയാൻ സാധിച്ചു. ബിജുവിന്റെ ‘ ജൂൺ’ എന്ന കവിത അക്കാലത്താണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്നത്. തീവണ്ടിയിലെ ഉല്ലാസയാത്രയായിരുന്നു അന്ന് കാസർകോട്ടേക്കുള്ള യാത്ര. സാഹിത്യം ,സിനിമ ,സംഗീതം, ചിത്രകല, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലെ ചർച്ചകൾ കൊണ്ട് തീവണ്ടി മുറിയും റെയിൽവേ പ്ലാറ്റ്ഫോമും നിറഞ്ഞു. കാസർകോട്ട് തീവണ്ടി ഇറങ്ങിയാൽ നെല്ലിക്കുന്നിലേക്കുള്ള നടത്തവും ഉത്സവപ്രതീതി ഉണ്ടാക്കിയിരുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കോളേജ് മാഗസിൻ എഡിറ്റർ ആവാൻ ബിജുവിനോട് മത്സരിച്ച സന്ദർഭം ഇപ്പോൾ ഓർക്കുന്നു. വിജയം ബിജുവിന് തന്നെയായിരുന്നു. ബിജുവുമായുള്ള സൗഹൃദം വലുതായി എന്നതാണ് യഥാർത്ഥത്തിൽ ആ മത്സരത്തിന്റെ ഫലം. ‘ജലം’ എന്ന പേരിൽ ബിജു എഡിറ്ററായ മാഗസിനിൽ എൻറെ ഒരു കഥയും ഉൾപ്പെട്ടിട്ടുണ്ട്.
ബി എഡ് പഠനത്തെ തുടർന്ന് കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ സ്കൂളിൽ ബിജു കുറെ വർഷങ്ങൾ ജോലി ചെയ്തു. 2002ലാണ് എന്ന് തോന്നുന്നു സർക്കാർ സ്കൂളിൽ ബിജുവിന് സ്ഥിരനിയമനം ലഭിക്കുന്നത്.
ഞാന്‍ യുവകലാസാഹിതിയുടെ സംഘാടകനായപ്പോള്‍ അതിന്റെ പരിപാടികളില്‍ നിരന്തരം ബിജുവിനെ പങ്കെടുപ്പിച്ചിട്ടുണ്ട്. ബിജുവിന്റെ കവിതകൾക്ക് അവാർഡ് ലഭിച്ചപ്പോൾ യുവകലാസാഹിതി ബിജുവിനെ അനുമോദിച്ചിരുന്നു. കാഞ്ഞങ്ങാട് യുവകലാസാഹിതി സംസ്ഥാന ചിത്രകല ക്യാമ്പിലെ ബിജുവിന്റെ സാന്നിധ്യം സവിശേഷമായിരുന്നു.
ഇതിനിടയിൽ ബിജുവിന്റെ കവിതാ സമാഹാരങ്ങൾ ഓരോന്നായി പുറത്തിറങ്ങി. ‘ഉള്ളനക്കങ്ങൾ’ എന്ന പ്രണയകവിതകളുടെ സമാഹാരത്തെക്കുറിച്ച് ജനയുഗം വാരാന്തത്തിലെ പുസ്തക പരിചയം കോളത്തില്‍ ഒരു കുറിപ്പ് എഴുതാൻ എനിക്ക് അവസരം ലഭിച്ചു.
കോവിഡ് കാലത്ത് ബിജുവുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ ഇപ്പോൾ ഓർക്കുന്നു. അതിനിടയിലാണ് കുട്ടികളുടെ ചിത്രത്തെക്കുറിച്ച് ബിജു ആകാശവാണിയിൽ ഒരു പ്രഭാഷണം നടത്തിയത്. യുവകലാസാഹിതി ഓൺലൈനിലൂടെ നിരന്തരം പരിപാടികൾ സംഘടിപ്പിക്കുന്ന സന്ദർഭം ആയിരുന്നു അത്. ബിജുവിന്റെ സമ്മതത്തോടെ ആകാശവാണിയിൽ വന്ന പ്രഭാഷണം വീഡിയോ ആക്കി യുവകലാസാഹിതി ഓൺലൈനിലൂടെ കൂടുതൽ ആൾക്കാരിലേക്ക് എത്തിച്ചു. ഇത് ബിജുവിനെ സന്തോഷിപ്പിക്കുകയുണ്ടായി.
കുണ്ടംകുഴി ഗവൺമെൻറ് ഹൈസ്കൂളിലാണ് ബിജുവിന് അധ്യാപകനായി സ്ഥിരനിയമനം ലഭിച്ചത്. കുണ്ടം കുഴിയിൽ നിന്നും സ്ഥലംമാറ്റം കിട്ടി ദീർഘകാലം പെരിയ ഗവൺമെൻറ് ഹൈസ്കൂളിൽ ജോലി ചെയ്തു. കഴിഞ്ഞവർഷമാണ് രാംനഗറിലേക്ക് സ്ഥലം മാറിയത്.
ബി എഡ് പഠനകാലത്താണ് ബിജുവിന്റെ കിഴക്കുംകരയിലുള്ള വീട്ടിലേക്ക് എനിക്ക് പോകാൻ അവസരം ഉണ്ടായത്. സാമ്പത്തികമായി ഭദ്രതയുള്ള ചുറ്റുപാടായിരുന്നില്ല അന്ന് ബിജുവിന് ഉണ്ടായിരുന്നത്. പരിമിതമായ അന്നത്തെ ചുറ്റുപാടിലും വിപുലമായ ഒരു പുസ്തക ശേഖരം ബിജുവിന് ഉണ്ടായിരുന്നു. ഒരു കുട്ടിയുടെ കൗതുകത്തോടെ ബിജു പുസ്തകങ്ങൾ ശേഖരിക്കുകയും അത് വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. ചിത്രങ്ങളെ കുറിച്ചും ചിത്രകാരന്മാരെ കുറിച്ചും വലിയ വിലയുള്ള പുസ്തകങ്ങൾ ശേഖരിക്കുന്നതിലും ബിജു താൽപര്യപ്പെട്ടു. വളരെ വ്യത്യസ്തങ്ങളായ സംഗീത ആൽബങ്ങളുടെ ശേഖരവും ബിജുവിന് ഉണ്ടായിരുന്നു. എല്ലാ തലമുറയിലും പെട്ട സാഹിത്യകാരന്മാരും ആയി ബിജു സൗഹൃദം സൂക്ഷിച്ചു. ഒരു കുട്ടി ബിജുവിന്റെ മനസ്സിൽ എന്നും ഓടിക്കളിച്ചിരുന്നു എന്നതിനാലാണ് ഇക്കാര്യങ്ങൾ സാധ്യമായിരുന്നത്.
ഒരു റോഡ് അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ദീർഘകാല ചികിത്സയ്ക്ക് ബിജു വിധേയനായിട്ടുണ്ടായിരുന്നു. ഈ ചികിത്സയുടെ പാർശ്വഫലമായി ബിജു പ്രമേഹ രോഗിയായി. ബിജുവിന്റെ ഹൃദയ രോഗത്തിനും ഇതുതന്നെയാവാം കാരണം.
മരിക്കുന്നതിനു തൊട്ടുതലേ ദിവസമായ തിങ്കളാഴ്ച ഞാനൊരു കവിത എഴുതിയത് ആവേശത്തോടെ whatsappൽ അയച്ചുകൊടുത്തു. മറുപടിയായി ഒരു ലൈക്കും തുടർന്ന് ഒരു ശബ്ദസന്ദേശവും ബിജു അയച്ചു. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്നും അടുത്തദിവസം ഡിസ്ചാർജ് ആവുമെന്നും ബിജു പറഞ്ഞു. ആ ശബ്ദം പ്രത്യാശാനിർഭരം ആയിരുന്നു. ജീവിതത്തിൻറെ ആസ്പത്രിയിൽ നിന്നും ബിജു ഡിസ്ചാർജ് ആയ വാർത്തയാണ് ഹൃദയം നടുക്കിക്കൊണ്ട് അടുത്ത ദിവസം അറിഞ്ഞത്. ആ വാർത്തയുടെ നടുക്കവും വേദനയും ഇപ്പോഴും മാറിയിട്ടില്ല. എങ്കിലും ജീവനോടെ നീ ഉണ്ടായിരുന്നപ്പോൾ എനിക്ക് അനുവദിച്ച നിമിഷങ്ങളുടെ ധന്യത കൊണ്ട് നിൻറെ വിയോഗം ഉണ്ടാക്കിയ തീരാസങ്കടത്തെ മായ്ക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നീ തന്ന സ്നേഹം വീട്ടാനാവാത്ത കടമായി എന്റെ ഹൃദയത്തിൽ കനം വെക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ